ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയിൽ ചര്‍ച്ച ചെയ്യാതിരുന്നത് സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാല്‍; വി.ഡി. സതീശൻ
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നത് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടിലായതിനാലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈകോടതിയില്‍ കേസുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹൈകോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ പരിഗണിക്കുന്നതിനിടെ സോളര്‍ കേസ് എത്ര തവണയാണ് നിയമസഭ ചര്‍ച്ച ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വേറെ ഏതെങ്കിലും രീതിയില്‍ കൊണ്ടുവരണമെന്ന് സ്പീക്കര്‍ തന്നെയാണ് നിര്‍ദേശിച്ചത്. അപ്പോള്‍ ചോദ്യം ചോദിക്കാനും സമ്മതിക്കില്ല അടിയന്തര പ്രമേയവും അനുവദിക്കില്ല. സര്‍ക്കാരല്ല സ്പീക്കറാണ് തീരുമാനം എടുത്തതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതു പുതിയ അറിവാണ്. സ്പീക്കര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ തീരുമാനം കീഴ് വഴക്കത്തിന് വിരുദ്ധമാണ്.
സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയില്‍ അല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നു മുഖ്യമന്ത്രിയോട് ചോദിച്ചതാണ്. നിയമസഭ കൗരവ സഭയായി മാറുകയാണോ? റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന് പറഞ്ഞത്. അങ്ങനെയൊരു അഭിപ്രായ പ്രകടനം ജസ്റ്റിസ് ഹേമ നടത്തിയിട്ടില്ല. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് ജസ്റ്റിസ് ഹേമ കത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അതിനെയാണ് മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും റിപ്പോര്‍ട്ട് പുറത്തു കൊടുക്കരുതെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് നിയമസഭയെ പോലും തെറ്റിദ്ധരിപ്പിക്കുന്നത്. റിപ്പോര്‍ട്ട് കൊടുക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യമായി പറഞ്ഞത്.