അന്താരാഷ്ട്ര യാത്രക്കാരുടെ വിവരങ്ങൾ കസ്റ്റംസിനെ അറിയിക്കണം; വീഴ്ചവരുത്തുന്ന വിമാനക്കന്പനികൾക്ക് പിഴ
ന്യൂഡൽഹി : അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങൾ യാത്രപുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് വിമാനക്കമ്പനികൾ കസ്റ്റംസിന് നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥ ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് നിലവിൽവരും. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിലെ യാത്രക്കാരുടെ വിവരങ്ങളാണ് നൽകേണ്ടത്. പാലിച്ചില്ലെങ്കിൽ വിമാനക്കമ്പനികൾക്കുനേരേ ശിക്ഷാനടപടികളുണ്ടാകും. വിമാനയാത്രയുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും കള്ളക്കടത്തുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുകയുമാണ് ലക്ഷ്യം. ഇന്ത്യയിൽനിന്ന് ഓപ്പറേറ്റുചെയ്യുന്ന എല്ലാവിമാനങ്ങളും ഈമാസം 10-നകം നാഷണൽ കസ്റ്റംസ് ടാർഗറ്റിങ് സെന്റർ-പാസഞ്ചർ (എൻ.സി.ടി.സി.-പാക്സ്) സംവിധാനത്തിൽ രജിസ്റ്റർചെയ്യണമെന്ന് നിർദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് നിർദേശംനൽകി.