സംസ്ഥാനത്തെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി
കൊച്ചി : കേരളത്തിൽ മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് വികസനമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായാണ് ഇത്രയേറെ തുക കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കവേ നിതിൻ ഗഡ്കരി വ്യക്തമാക്കി. 896 കിലോമീറ്റർ ദൈർഘ്യത്തിലുള്ള 31 പുതിയ പദ്ധതികളാണാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ ഹൃദയം വിനോദസഞ്ചാര മേഖലയാണെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ആയുർവേദം ഉൾപ്പടെയുള്ള മേഖലകൾ സമ്പന്നമാണ്. അതുകൊണ്ടു തന്നെ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പടെ നിരവധിപേരാണ് കേരളത്തിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സാധ്യതകൾ വിപുലപ്പെടുത്തേണ്ടതുണ്ട്. ടൂറിസം വികസനത്തിന് റോഡ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ കേന്ദ്രസർക്കാർ ഉറച്ച പിന്തുണ നൽകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട്-പാലക്കാട് ദേശീയ പാത 966 നാലുവരിയാക്കുമെന്നും ഗഡ്കരി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 120 കിലോമീറ്ററാണ് ദൂരം.10814 കോടി രൂപയാണ് പദ്ധതി ചിലവ്. മൂന്ന് മാസത്തിനകം പ്രവൃത്തികൾ ആരംഭിക്കും. വടക്കൻ കേരളത്തെ വ്യവസായ നഗരമായ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതിൽ ഈ പാത നിർണായ പങ്കാണ് വഹിക്കുക. ദേശീയപാത 544ലെ അങ്കമാലി മുതൽ കുണ്ടന്നൂർ വരെയുള്ള എറണാകുളം ബൈപ്പാസ് ആറുവരിയാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 45 കിലോമീറ്ററിൽ 6500 കോടിരൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ആറുമാസത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
62.7 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരം ഔട്ടർ റിങ് റോഡിന്റെ നിർമ്മാണം നാലഞ്ച് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു. 5000 കോടി രൂപയാണ് പദ്ധതിച്ചിലവ്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന കോറിഡോറായിരിക്കും ഈ പാതയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നു. കൊല്ലത്തേയും തമിഴ്നാട്ടിലെ ചെങ്കോട്ടൈ, തെങ്കാശി, തിരുനൽവേലി തുടങ്ങിയ പ്രധാന നഗരങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നാലഞ്ച് മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലയിലൂടെ 38.6 കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന പാതയുടെ നിർമ്മാണത്തിനായി 300 കോടി രൂപയാണ് നിതിൻ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്.