ദേശീയപാത 66ൽ ആദ്യ റീച്ചായ തലപ്പാടി– ചെങ്കള പാതയുടെ നിർമാണം 92 ശതമാനം പൂർത്തിയായി
കാസർകോട് : ദേശീയപാത 66ൽ ആദ്യ റീച്ചായ തലപ്പാടി–- ചെങ്കള പാതയുടെ നിർമാണം 92 ശതമാനം പൂർത്തിയായി. ഏതുസമയത്തും ഉദ്ഘാടനത്തിന് സജ്ജമാണെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം അധികൃതർ അറിയിച്ചു. 39 കിലോമീറ്റർ ദൂരമുള്ള ഈ റീച്ച് 1,703 കോടി രൂപ ചെലവിലാണ് പണിതത്. യുഡിഎഫ് കാലത്ത് ഉപേക്ഷിച്ച പദ്ധതിക്ക് ആദ്യ പിണറായി സർക്കാർ സ്ഥലമേറ്റെടുപ്പിന് 25 ശതമാനം പണം നൽകിയതോടെയാണ് കുതിപ്പായത്. ഈ റീച്ചിൽ ദേശീയപാതയ്ക്ക് ഇരുഭാഗത്തുമായി 70 കിലോമീറ്റർ സർവീസ് റോഡുമുണ്ട്. 6.75 മീറ്റർ വീതിയുള്ള സർവീസ് റോഡിൽ ഇരുഭാഗത്തേക്കും യാത്ര സാധ്യമാക്കും. ഇതിന്റെ കരയിൽ ബസ് നിർത്താവുന്ന രീതിയിലുള്ള ബസ്ബേയും പണിയും. റീച്ചിലെ ഏറ്റവും വലിയ നിർമാണമായ കാസർകോട് ടൗൺ മേൽപ്പാലം പണിയും പൂർത്തിയായി. വെളിച്ച സംവിധാനവും ഒരുക്കി. അന്തിമഘട്ട മിനുക്കുപണി മാത്രമാണ് ബാക്കിയുള്ളത്. 1.13 കിലോമീറ്ററുള്ള, ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപ്പാലമാണത്. 2021 നവംബർ 18നാണ് പാത നിർമാണം തുടങ്ങിയത്. മൊത്തം 45 മീറ്റർ വീതിയിലുള്ള പാതയിൽ 27 മീറ്റർ വീതിയിലാണ് ആറുവരി പ്രധാന റോഡ്.