മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർ ക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ് ഉയരും; മുണ്ടക്കൈ ടൗൺഷിപ്പിന് ഇന്ന് മുഖ്യമന്ത്രി കല്ലിടും
കൽപ്പറ്റ : ഉരുളെടുത്ത വയനാടിന്റെ സങ്കടങ്ങൾക്കുമേൽ ഇതാ പുതിയ പുഞ്ചിരി വിരിയുന്നു. അതിജീവനത്തിന്റെ ഈ മഹാമാതൃകയ്ക്ക് കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച നാന്ദികുറിക്കും. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർ ക്കായി കൽപ്പറ്റയിൽ ടൗൺഷിപ്പ് ഉയരും. കേരളത്തെ സാക്ഷിയാക്കി വ്യാഴം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ് നിർമാണത്തിന് തറക്കല്ലിടും. മഹാദുരന്ത ത്തെ കേരളം മറികടക്കുക യാണ്. 2024 ജൂലൈ 30ന് പുലർച്ചെയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയത്. നാടാകെ ഒലിച്ചുപോയി. 298പേർ ദുരന്തത്തിൽ മരിച്ചു. മൃതദേഹങ്ങൾ ചാലിയാർവരെ ഒഴുകി. പുന്നപ്പുഴ മരണപ്പുഴയായി. അന്നേവരെ കാണാത്ത രക്ഷാപ്രവർത്തനത്തിന് രാജ്യം സക്ഷിയായി. ദുരിതാശ്വാസ ക്യാമ്പ് ഒരുകുടുംബമായി. സമൂഹ അടുക്കളകളിൽ മനുഷ്യർ സ്നേഹം പാകം ചെയ്തു. മണ്ണിനടിയിൽ ജീവനുള്ള ഒറ്റമനുഷ്യരും ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുംവരെ രക്ഷാപ്രവർത്തനം തുടർന്നു.
സർക്കാർ എല്ലാം നഷ്ടമായ ആയിരങ്ങളെ വാടക വീടുകളിൽ താൽക്കാലികമായി പുനരധിവസിപ്പിച്ചു. ജീവനോപാധിയും ചികിത്സയും ഉറപ്പാക്കി. ധനസഹായം നൽകി. കുഞ്ഞുങ്ങളുടെ പഠനം തിരിച്ചുപിടിച്ചു. നിയമതടസ്സങ്ങളം മറികടന്ന് ഏഴ് മാസങ്ങൾക്കിപ്പുറം ടൗൺഷിപ്പ് ഉയരുകയാണ്. ഓരോ കുടുംബങ്ങൾക്കും ഏഴ് സെന്റിൽ ആയിരം ചതുരശ്രയടി വീടാണ് നിർമിച്ചുനൽകുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക് വരാത്ത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപവീതം നൽകും. ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയെയും കേരളം മറികടക്കുകയാണ്. മന്ത്രിമാർക്കുപുറമെ പ്രതിപക്ഷനേതാവ് വി ഡി സതീശനും തറക്കല്ലിടലിനെത്തും.