കൊട്ടിയൂർ വൈശാഖമഹോത്സവം അവസാന നാളുകളിലേക്ക്; നാളെ മുതൽ ഗൂഢപൂജകൾ ആരംഭിക്കും
കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നാളെയാണ് മകം. മകം നാളിന്റെ ഭാഗമായ ‘കലം വരവ്’ ചടങ്ങ് നാളെ നടക്കും. നാളെ ‘ഉഷശീവേലി’ നടക്കുന്നതോടെ സ്ത്രീകളും ആനയും അക്കരെ സന്നിധാനത്തുനിന്നും പുറത്തേക്ക് പോകണം. തുടർ നാളുകളിൽ സ്ത്രീകൾക്ക് അക്കരെ പ്രവേശനമില്ല. അലങ്കരവാദ്യങ്ങൾ അക്കരെ സന്നിധാനത്തിൽ മുഴങ്ങില്ല. മകം നാൾ ഉച്ചയോടെ മുഴക്കുന്ന് നല്ലൂരിൽ നിന്നും നല്ലൂരാൻ സ്ഥാനികർ ഗൂഢപൂജകൾ ക്കായുള്ള കലങ്ങളുമായി കൊട്ടിയൂരിലേക്ക് പുറപ്പെടും. മകം മുതൽ മൂന്ന് ദിവസം നടക്കുന്ന കലപൂജയ്ക്കും അത്തം നാളിലെ കലശ പൂജയ്ക്കും ആവശ്യമായ മൺകലങ്ങളാണ് നല്ലൂരാനും സംഘവും എഴുന്നള്ളിച്ചെത്തിക്കുന്നത്. ‘കലം വരവ്’ സന്നിധാനത്ത് പ്രവേശിച്ചുകഴിഞ്ഞാൽ കൊട്ടിയൂരിൽ ഗൂഢ കലപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ജൂലൈ 3 നാണ് ‘വാളാട്ടം’. 4 ന് തൃക്കലശ്ശാട്ടോടെ ഈ വർഷത്തെ വൈശാഖമഹോത്സവത്തിന് സമാപനമാകും.