കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് കേരളത്തിൽ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് അറിയിപ്പ് നല്കി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് വൈകുന്നേരം നാലുമണിക്കായി രിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള് വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിര്‍ദ്ദേശം നല്കി.
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, സംസ്ഥാന പോലീസ് മേധാവി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്പെഷ്യല്‍ സെക്രട്ടറിയും കമ്മീഷണറും, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, കേരള സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ വിശദമായി പറയുന്നുണ്ട്. കമ്യൂണിറ്റിതല ഇടപെടലുകളെ സംബന്ധിച്ചും ഗാര്‍ഹികതല ഇടപെടലുകളെ സംബന്ധിച്ചും വ്യക്തമായ വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും, അതേസമയം ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.