പ്രഥമശുശ്രൂഷ കിറ്റുകൾ കരുതുക, സുരക്ഷിതരാവുക; എന്താണ് മോക്ഡ്രിൽ
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണ ത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മോക് ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനമായത്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വരുന്ന ഭീഷണി കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളോടും മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മേയ് 7 ബുധനാഴ്ച രാജ്യത്തുടനീളം മോക് ഡ്രില്ലുകൾ നടത്താനാണ് തീരുമാനം. 1971ലാണ് രാജ്യത്ത് അവസാനമായി മോക് ഡ്രിൽ സംഘടിപ്പിച്ചത്. ആ വർഷം തന്നെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടാകുകയും ചെയ്തു.
ഇന്ത്യയിലെ 244 സിവിൽ ഡിഫൻസ് ജില്ലകളെയാണ് മോക്ഡ്രില്ലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സിവിൽ ഡിഫൻസ് ജില്ലകളുടെ തിരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ജില്ലകള്‍ ഇതുപ്രകാരം ഈ ലിസ്റ്റിൽ ഉൾപ്പെടും. പ്രതിരോധ സ്ഥാപനങ്ങൾ, പവർ ഗ്രിഡുകൾ, റിഫൈനറികൾ, തുറമുഖങ്ങൾ, ആശയവിനിമയ ശൃംഖലകൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളും നാളെ നടക്കുന്ന മോക്ഡ്രില്ലിന്റെ ഭാഗമാകും. ജനസാന്ദ്രതയും സിവിൽ ഡിഫൻസ് ജില്ലകളെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാണ്. പ്രത്യേകിച്ച് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വലിയ നഗര കേന്ദ്രങ്ങൾ ശത്രുക്കൾ ലക്ഷ്യവയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ജില്ലകളിലും മോക് ഡ്രിൽ നടക്കും. കടൽ വഴി ശത്രുവിന്റെ ഭീഷണി നേരിട്ടേക്കാവുന്ന തീരദേശ ജില്ലകളും ഇന്ന് മോക്ഡ്രില്ലിന്റെ ഭാഗമാകും.
സംസ്ഥാനങ്ങളിലെ സിവിൽ ഡിഫൻസ് സംവിധാനങ്ങള്‍ വിലയിരുത്താനും പോരായ്മകൾ ഉണ്ടെങ്കിൽ അവയുടെ ശേഷി വർധിപ്പിക്കുന്നതിനുമായാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. സിവിൽ ഡിഫൻസ് സംവിധാനങ്ങളായ പൊലീസ് സേനാംഗങ്ങൾ, പാരാമിലിട്ടറി അംഗങ്ങൾ, അഗ്നിരക്ഷാ സേനാംഗങ്ങൾ, ഹോം ഗാർഡുകൾ, എൻസിസി കേഡറ്റുകൾ, എൻഎസ്എസ് വോളന്റിയർമാർ, ആംബുലൻസ്, ആശുപത്രികൾ, വിദ്യാർഥികൾ എന്നിവർ മോക് ഡ്രില്ലിന്റെ ഭാഗമാകും. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 244 ജില്ലകളിലാണ് മോക് ഡ്രില്ലുകൾ നടത്തുക. റിപ്പോർട്ടുകൾ പ്രകാരം സിവിൽ പ്രതിരോധ നടപടികൾ നടപ്പിലാക്കേണ്ട രാജ്യത്തുടനീളമുള്ള 295 പട്ടണങ്ങളെയും ജില്ലകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 100 ഇടങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ട മേഖലകളാണ്. വ്യോമാക്രമണം സംഭവിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്നും മുന്നറിയിപ്പ് സംവിധാനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുക എന്നതും മോക് ഡ്രില്ലിന്റെ ഭാഗമാണ്.
ശത്രുരാജ്യം വ്യോമാക്രമണം നടത്താന്‍ ശ്രമിച്ചാല്‍ ആദ്യം വിവരം ലഭിക്കുക വ്യോമസേനയ്ക്കായിരിക്കും. വ്യോമസേനയാണ് വിവിധയിടങ്ങളിലെ കണ്ട്രോള് റൂമുകളിലേക്കു സന്ദേശം നല്‍കുക. ഇതിനായി ഇന്ത്യൻ വ്യോമസേനയുമായുള്ള ഹോട്ട്ലൈൻ ബന്ധം, റേഡിയോ ആശയവിനിമയ ബന്ധം തുടങ്ങിയവയും മോക് ഡ്രിൽ സമയത്ത് പരിശോധിക്കും. യുദ്ധമുണ്ടായാല്‍ വ്യോമാക്രമണത്തിനു ജനങ്ങളെ ജാഗരൂകരാക്കാന്‍ എയര്‍ റെയ്ഡ് വാണിങ് സംവിധാനം നടപ്പാക്കും. മോക് ഡ്രില്ലിന്റെ ഭാഗമായി നാളെ 4 മണിക്കായിരിക്കും എയര്‍ റെയ്ഡ് വാണിങ് വരുക. ആദ്യം വിവിധ കേന്ദ്രങ്ങളില്‍ സൈറന്‍ മുഴക്കും. ഇതുവഴി സിവില്‍ ഡിഫന്‍സ് സംവിധാനം സജീവമാക്കാനാണ് മോക് ഡ്രില്ലിലൂടെ ലക്ഷ്യമിടുന്നത്. ആശയവിനിമയം നടത്താന്‍ ഹാം റേഡിയോയുടെയും മാധ്യമങ്ങളുടെയും സഹായം തേടും. തുടര്‍ന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യും. കേരളത്തില്‍ ഏറെ നാളുകള്‍ക്കുള്ളില്‍ ആദ്യമായാണ് സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തുന്നത്. സിവില്‍ ഡിഫന്‍സിന്റെ കണ്‍ട്രോളിങ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാരും നോഡല്‍ ഓഫിസര്‍ ജില്ലാ ഫയര്‍ ഓഫിസറുമാണ്.