വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകം; പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് മകന്റെ മൊഴി
ആലപ്പുഴ : വീടിന് തീപിടിച്ച് വയോധിക ദമ്പതികൾ മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിയുന്നു. മകൻ വിജയൻ കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ പൊലീസിന് മൊഴി നൽകി കഴിഞ്ഞു. ചെന്നിത്തല കോട്ടമുറി സ്വദേശികളായ കറ്റോട്ട് രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് തുടക്കം മുതൽ വിലയിരുത്തിയിരുന്നു. ദമ്പതികളുടെ മകൻ വിജയനെ പൊലീസ് സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളുടെ ഭാഗത്തുനിന്നും വ്യാപകമായ പരാതി ഉയർന്നിരിക്കുകയാണ്. സ്ഥിരം മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയം നേരത്തെ തന്നെ പൊലീസിനുണ്ടായിരുന്നു. മകൻ വിജയനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുറച്ചുനാളായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കളും പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് വിജയൻ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികളുടെ പേരമകൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.