ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിന്റെ ആക്രമണത്തിൽ യാത്രക്കാരന് പരിക്ക്
ഇരിട്ടി : ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വീണ്ടും പരുന്തിന്റെ ആക്രമണത്തിൽ യാത്രക്കാരന് പരിക്കേറ്റു. നെല്ലിക്കാം പൊയിൽ സ്വദേശി തട്ടാംകുള ത്തിൽ ഷിന്റോക്കാണ് പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഇരിട്ടി മലബാർ കോംപ്ലെക്സിന്റെ നടത്തിപ്പുകാരനായ ഷിന്റോവാട്ടർ ടാങ്ക് പരിശോധിക്കാൻ കോംപ്ലെക്സിന് മുകളിൽ കയറിയപ്പോഴാണ് പരുന്തിന്റെ ആക്രമണം രണ്ട് പരുന്തുകൾ ചേർന്നാണ് ഇത്തവണ ഷിന്റോയെ അക്രമിച്ചത്. തലയിൽ മുറിവേറ്റ ഷിന്റോ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സമീപത്തെ മൊബൈൽ ടവറിലാണ് പരുന്ത് കൂടുകൂടിയിരിക്കുന്നത്. ഇരിട്ടിയിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് മൂന്നാമത്തെ ആളെയാണ് പരുന്ത് ആക്രമിക്കുന്നത്. മുൻപ് കാക്കയങ്ങാടുള്ള വ്യാപാരിക്കും ബാങ്ക് ജീവനക്കാരനെയും പരുന്ത് ആക്രമിച്ചിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പരുന്തിന്റെ കൂട് ഉൾപ്പെടെ കണ്ടെത്തിയിരുന്നു. പക്ഷേ തുടർ നടപടികൾ ഒന്നും എടുത്തിരുന്നില്ല.