ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിയിലേക്ക് തിരിച്ചു
തിരുവനന്തപുരം : ബിഹാർ ഗവർണറായി സ്ഥലം മാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിയിലേക്ക് തിരിച്ചു. ഗവർണറെ യാത്രയയക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. രാജ്ഭവനില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് ചടങ്ങ് നിശ്ചയിച്ചിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം മൂലം പരിപാടി റദ്ദാക്കുകയായിരുന്നു. മുൻ ഗവർണർ പി. സദാശിവം മടങ്ങിയപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എയർപോർട്ട് വരെ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ജനക്ഷേമകരമായി കേരളത്തിലെ സർക്കാരിന് പ്രവർത്തിക്കാൻ കഴിയട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ‘കേരളവുമായി ആജീവനാന്ത ബന്ധമുണ്ടാകും. സർവകലാശാല പ്രശ്നങ്ങള്‍ ഒഴികെ സർക്കാരുമായി മറ്റ് വിഷയങ്ങളില്‍ തർക്കം ഉണ്ടായിട്ടില്ലെ’ന്നും ഗവർണർ പറഞ്ഞു. മടങ്ങുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും രാജ്ഭവനിലെത്തി ഉപഹാരം സമ്മാനിച്ചിരുന്നു. പുതിയ ഗവർണറായി രാജേന്ദ്ര ആർലെക്കർ വ്യാഴാഴ്ച ചുമതലയേല്‍ക്കും. അതേസമയം, എയർപോർട്ടിലേക്ക് മടങ്ങുന്നതിനിടെ ഗവർണർക്ക് ടാറ്റ നല്കി SFI പ്രവർത്തകർ പ്രതിഷേധിച്ചു. പേട്ട പള്ളിമുക്കില്‍ വച്ചായിരുന്നു ടാറ്റ നല്‍കിയത്. നേരത്തെ SFI പ്രതിഷേധിച്ചപ്പോള്‍ ഗവർണർ റോഡില്‍ ഇറങ്ങിയ സ്ഥലമാണ് പള്ളിമുക്ക്.