പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു
കണ്ണൂർ : കണ്ണൂർ കോർപറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി കെ രാഗേഷിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റുകളും സ്ഥലങ്ങളുടെ രേഖകളും പിടിച്ചെടുത്ത വയിൽ പെടും. സ്ഥിരം നിക്ഷേപം നിലവിലുള്ളപ്പോൾ തന്നെ ബാങ്കിൽ നിന്നും ഓവർ ഡ്രാഫ്റ്റ് എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ലോക്കറുകൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. പിടിച്ചെടുത്ത രേഖകൾ വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്. ചൊവ്വാഴ്ച രാവിലെ ആറോടെ ആരംഭിച്ച റെയ്ഡ് രാത്രി പത്തിനാണ് അവസാനിച്ചത്. പി കെ രാഗേഷിന്റെ വീട്ടിലും കോർപറേഷനിലെ ക്യാബിനിലും പരിശോധന നടത്തിയ സംഘം പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബേങ്ക്, ചാലാട് കാനറാ ബാങ്ക് എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. മുന്നേ കോൺഗ്രസ് പ്രവർത്തകൻ കൊടുത്ത പരാതിയാണ് രാഗേഷിനെ തിരെ അന്വേഷണം നടക്കുന്നത്. അന്വേഷണം നടത്തുന്ന വിജിലൻസ് സംഘം മുൻപും രാഗേഷിന്റെ വസതിയിൽ പരിശോധന ക്കെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തിയ വിജിലൻസ് സംഘം രാഗേഷിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. കോടതി സർച്ച് വാറണ്ട് പ്രകാരം കോഴിക്കോട് വിജിലൻസ് സെൽ എസ്പി കെ.പി. അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് വിജിലൻസ് സംഘം രാഗേഷിന്റെ വീട് ഉൾപ്പെടെ പരിശോധിച്ചത്.