കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം നാളെ നടക്കും
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭം നാളെ നടക്കും. വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ തയ്യാറാവാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ എടുത്ത് കാട്ടിയാകും പ്രക്ഷോഭം. കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ മാർച്ചും, ധർണ്ണയും നടക്കും. നാളെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമര പരിപാടികൾ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും, ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലുമാണ് സമരം സംഘടിപ്പിക്കുന്നത്. രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രക്ഷോഭം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ടി പി രാമകൃഷ്ണൻ, പത്തനംതിട്ടയിൽ മാത്യു ടി തോമസ്, ആലപ്പുഴ പി കെ ശ്രീമതി, കോട്ടയം ഡോ. എൻ ജയരാജ്, ഇടുക്കി അഡ്വ. കെ പ്രകാശ് ബാബു, എറണാകുളം പി സി ചാക്കോ, തൃശ്ശൂർ കെ.പി രാജേന്ദ്രൻ, പാലക്കാട് എ വിജയരാഘവൻ, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്കുമാർ, വയനാട് അഹമ്മദ് ദേവർകോവിൽ, കണ്ണൂർ ഇ പി ജയരാജൻ, കാസർകോട് ഇ ചന്ദ്രശേഖരൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്യും.