മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മലപ്പുറം : മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. വഴിക്കടവ് നായക്കൻകൂളി മോളുകാലായി ൽ വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വർഗീസിന്റെ ജ്യേഷ്ഠൻ രാജുവിനെ (57) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം നടന്നത്. വഴിക്കടവ് നായക്കൻകൂളിയി ലുള്ള വർഗീസിന്റെ വീട്ടിലെത്തിയ രാജു വർഗീസിനെ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രാജുവിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു വെന്ന് പൊലീസ് പറയുന്നു. സംഭവദിവസം പകൽ രാജു വർഗീസിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും വർഗീസ് അത് നൽകാൻ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് രാത്രിയിലെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.