32 വർഷത്തെ സർവീസ്; തളിപ്പറമ്പുകാരുടെ സ്വന്തം ട്രാഫിക് എസ്.ഐ രഘുസാർ വിരമിക്കുന്നു
തളിപ്പറമ്പ : തളിപ്പറമ്പിൻ്റെ ട്രാഫിക് സംവിധാനം ഒരുപരിധിവരെ കുറ്റമറ്റതാക്കാൻ തീവ്രശ്രമം നടത്തിയ തളിപ്പറമ്പുകാരുടെ സ്വന്തം രഘുസാർ വിരമിക്കുന്നു. 32 വർഷത്തെ സർവീസിനിടയിൽ പത്ത് വർഷത്തോളം സ്വന്തം പ്രദേശമായ തളിപ്പറമ്പിൽ തന്നെ ജോലി ചെയ്ത തളിപ്പറമ്പ ട്രാഫിക് എസ്.ഐ: എം.രഘുനാഥ് ചൊവ്വാഴ്ചയാണ് ജോലിയിൽ നിന്നും വിരമിക്കുന്നത്. തളിപ്പറമ്പിൽ ട്രാഫിക്ക് പോലീസ് സ്റ്റേഷനോ എസ്.ഐയോ ഇല്ലെങ്കിലും സ്റ്റേഷനിലെ ഒരു എസ്.ഐക്ക് ട്രാഫിക്കിന്റെ ചുമതല നൽകുകയായിരുന്നു. അഞ്ച് വർഷത്തോളമായി കൂവേരി സ്വദേശിയായ രഘുനാഥാണ് ഈ ചുമതല നിർവഹിക്കുന്നത്. തളിപ്പറമ്പുകാർക്ക് എന്തിനും ഏതിനും വിളിക്കാവുന്ന ജനകീയനായ ഉദ്യോഗസ്ഥനാണ് രഘുനാഥ്.
ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരോട് പോലും മാന്യമായ രീതിയിലാണ് പെരുമാറുകയും ഇടപെടുകയും ചെയ്യാറ്. അതുകൊണ്ടു തന്നെ യാതൊരു വിരോധവും ആർക്കും രഘു സാറിനോടില്ല. സഹപ്രവർത്തകർ ക്കും രഘുനാഥിനെ ക്കുറിച്ച് നല്ലതേ പറയാനുള്ളൂ. അതേസമയം വിരമിക്കുന്ന രഘുനാഥന് കഴിഞ്ഞദിവസം തളിപ്പറമ്പ് സ്റ്റേഷനിലെ സഹപ്രവർത്തകർ ഔദ്യോഗികമായി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കണ്ണൂർ പി.എസ്.സി ഓഫീസിലെ സെക്ഷൻ ഓഫീസറായ ബീനയാണ് രഘുനാഥിന്റെ ഭാര്യ . തീർത്ഥ രഘുനാഥ് (കൊല്ലം ടി. കെ.എം എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി) , നന്ദു രഘുനാഥ് (മൂത്തേടത്ത് ഹൈസ്കൂൾ വിദ്യാർത്ഥി) എന്നിവർ മക്കളാണ്.