പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാർ ഉടമകളുമായി ഇന്ന് എക്സൈസ് മന്ത്രി ചർച്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിയമസഭയിലെ മീറ്റിംഗ് ഹാളിൽ ആണ് ചർച്ച നടക്കുന്നത്. ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബാറുടമകൾ മുന്നോട്ടുവെക്കാൻ പോകുന്നത്. വിവിധ മേഖലകളിൽ ഉള്ളവരുമായി ചർച്ച പൂർത്തിയാക്കിയ ശേഷം സിപിഎം മദ്യനയം ചർച്ച ചെയ്യും. അതിനുശേഷം മുന്നണിയുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ ആയിരിക്കും മദ്യനയത്തിന് അന്തിമരൂപം നൽകുന്നത്.വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡ്രൈ ഡേ ഒഴിവാക്കുന്നതടക്കമുള്ള തീരുമാനങ്ങൾ സംസ്ഥാന സർക്കാർ എടുത്തേക്കില്ല.
സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു ഈയിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം നടന്ന ചർച്ചകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി നാലിനു ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലും ഈസ് ഓഫ് ഡുയിങ് ബിസിനസിന്റെ ഭാഗമായി മദ്യ വ്യവസായവുമായി ബന്ധപ്പെട്ടു സ്റ്റേക് ഹോൾഡേഴ്സ് ഉന്നയിച്ച വിഷയങ്ങളിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു.