ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നിസ്സാരമല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ
പാനൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും എൽ.ഡി.എഫിനു മുണ്ടായ തിരിച്ചടി നിസ്സാരമല്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. സി.പി.എം. പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്റെ നാലാം ചരമവാർഷിക ദിനാചരണ സമാപന സമ്മേളനം പാറാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചടി എന്തുകൊണ്ടുണ്ടായെന്ന് ആഴത്തിൽ വിശകലനംചെയ്ത് പറ്റിയ തെറ്റുകൾ കണ്ടെത്തി പരിഹരിച്ച് പാർട്ടിയെയും എൽ.ഡി.എഫിനെയും മുന്നോട്ടുനയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
ഇന്ത്യയിൽ നിലനിൽക്കുന്ന വർഗീയ രാഷ്ട്രീയത്തിനെതിരായി ഉശിരൻ പോരാട്ടങ്ങൾ നടത്താനും വിട്ടുവീഴ്ചയില്ലാതെ പൊരുതാനും കഴിയുന്നത് ഇടതുപക്ഷത്തിനാണെന്ന് വസ്തുതാപരമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ തിരിച്ചടിയെ അതിജീവിക്കാനാവും. കഷ്ടിച്ച് അധികാരത്തിലെത്തിയ ബി.ജെ.പി. ആദ്യമായി ചെയ്യാൻപോകുന്നത് 100 സീറ്റ് നേടിയ കോൺഗ്രസിനെ പിളർത്താനുള്ള പരിശ്രമമായിരിക്കും -ജയരാജൻ പറഞ്ഞു