സ്കൂൾ സുരക്ഷ; അടിയന്തിര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി
പാലക്കാട് : സ്കൂൾ സുരക്ഷയെ മുൻനിർത്തി അടിയന്തിര ഓഡിറ്റ് നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. സമയബന്ധിത പരിപാടിക്ക് രൂപം നൽകുമെന്നും തന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച പൊതുവിദ്യാ ഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനിൽ ചേരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ആർഡിഡിമാർ, എഡിമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസർമാർ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർ, ജില്ലാ പ്രോജക്ട് ഓഫീസർമാർ, ജില്ലാ കൈറ്റ് കോർഡിനേറ്റർമാർ, ജില്ലാ വിദ്യാകിരണം കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മെയ് 13ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൻമേൽ നടന്ന പ്രവർത്തനങ്ങൾ യോഗം വിശകലനം ചെയ്യും.
ജൂലൈ 25 മുതൽ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ട് പരിശോധന നടത്തും. ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് നിരീക്ഷണത്തിന് ജില്ലകളിൽ മേൽനോട്ടം വഹിക്കും. ഡിഡി, ആർഡിഡി, എഡി, ഡിഇഒ, എഇഒ, വിദ്യാകിരണം കോർഡിനേറ്റർ, ബിആർസി ഉദ്യോഗസ്ഥൻ, ഡയറ്റ് പ്രിൻസിപ്പൽ തുടങ്ങിയവരാണ് ജില്ലാതല ഉദ്യോഗസ്ഥ ഗ്രൂപ്പിലുണ്ടാകുക. സ്കൂൾ സന്ദർശനത്തിൽ മേൽ സൂചിപ്പിച്ച വകുപ്പ് തലവൻമാരുടെ ഗ്രൂപ്പിൽ കുറഞ്ഞത് മൂന്ന് പേർ ഉണ്ടാകും. വർക്കിംഗ് ടൈമിൽ ഏരിയ നിശ്ചയിത്ത് പരിശോധന നടത്തി റിപ്പോർട്ട് നൽകേണ്ടതാണ്. ആഗസ്ത് 12 രാവിലെ പത്തിന് തിരുവനന്തപുരം ശിക്ഷക് സദനിൽ വെച്ച് സംസ്ഥാന സേഫ്റ്റി ആഡിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി കൂടും.
ആലപ്പുഴ കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണ കാര്യം ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തെന്നും സ്കൂളിന്റെ മുൻഭാഗത്തുള്ള അൺഫിറ്റായ കെട്ടിടത്തിന്റെ ഓടും മേൽക്കൂരയുമാണ് അടർന്നു വീണതെന്നും മന്ത്രി പറഞ്ഞു. കെട്ടിടത്തിൽ ക്ലാസ്സ് നടക്കുന്നില്ല എന്നാണ് ഹെഡ്മാസ്റ്റർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയുടെ കെട്ടിടം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. നാളെ തന്നെ പുതിയ ബിൽഡിംഗിൽ ക്ലാസ്സുകൾ ഷിഫ്റ്റ് ചെയ്യാൻ ജില്ലാ കളക്ടർ തഹസീൽദാർ മുഖേന പ്രഥമാധ്യാപകന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ബിൽഡിംഗിലേക്ക് ക്ലാസ്സ് ഷിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഇന്നലെ രാത്രി തന്നെ നടന്നിട്ടുണ്ട്. ജില്ലാ കളക്ടറും ഡിഡിഇയും അടക്കമുള്ളവർ ഇന്ന് സ്കൂളിലെത്തി സ്ഥിതിഗതികൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.