കാൻ താരങ്ങളെ ആദരിച്ച് മുഖ്യമന്ത്രി; കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ ഒഴിവാക്കി
2024ലെ കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന് അഭിമാനമായ സന്തോഷ് ശിവൻ, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമയിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദൂ ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയവരെ സംസ്ഥാന സർക്കാർ ആദരിച്ചു. അതിഥികളൊക്കെയായി ഇന്ന് തിരവനന്തപുരത്ത് ഇന്ന് ആഘോഷമായി നടത്താനിരുന്ന ഉദ്ഘാടന പരിപാടി കുവൈറ്റ് ദുരന്തത്തെ തുടർന്ന് ഒഴിവാക്കിയിരുന്നു. സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് താരങ്ങൾക്കൊപ്പം എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.
ഈ വർഷത്തെ കാൻ മേളയിൽ പിയർ അജെന്യൂ പുരസ്കാരമാണ് സന്തോഷ് ശിവൻ നേടിയത്. അന്താരാഷ്ട്ര തലത്തിൽ മികവ് പുലർത്തുന്ന ഛായാഗ്രാഹകർക്ക് നൽകുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഗ്രാൻറ് പ്രി പുരസ്കാരമാണ് നേടിയത്. മുംബൈയിൽ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിൽ കനി പ്രഭ എന്ന കഥാപാത്രത്തെയും ദിവ്യ പ്രഭ അനു എന്ന കഥാപാത്രത്തെയുമാണ് അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാടും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.