ഐഎസ്ആര്‍ഒ ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ
തിരുവനന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ. സിഐ ആയിരുന്ന എസ്.വിജയൻ സൃഷ്ടിച്ചതാണ് ചാരക്കേസെന്ന് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞു. ഹോട്ടലിൽ വെച്ച് വിജയൻ കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതിന്റെ വിരോധമാണ് കേസിന് കാരണമെന്നാണ് കണ്ടെത്തല്‍. ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വാർത്ത ചോർത്തി നൽകിയത് വിജയനെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകരുടെയും മൊഴി. അന്യായമായി കസ്റ്റഡിയിൽ വെച്ച് മറിയം റഷീദയെ പീഡിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും അടക്കം അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത, കേസിലെ രണ്ടാം പ്രതിയായ സിബി മാത്യൂസ് തെളിവില്ലാതെയാണ് നടപടിയെടുത്തതെന്നും സിബിഐ കണ്ടെത്തി. വ്യാജ രേഖകൾ ഉണ്ടാക്കിയത് മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.കെ ജോഷ്യ ആയിരുന്നുവെന്നും സിബിഐ പറയുന്നു.
ചാരവൃത്തി നടത്തിയെന്ന് കേസിൽ യാതൊരും തെളിവുമില്ല, പ്രതിയാക്കിയവരിൽ നിന്നോ അവരുടെ വീട്ടിൽ നിന്നോ ഒന്നും കണ്ടെത്താനായില്ല. സിബി മാത്യൂസിന് വേണ്ടി കൃത്രിമരേഖ ജോഷ്യയുണ്ടാക്കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുൻ ഐബി ഉദ്യോഗസ്ഥനായ ജയപ്രകാശ് നമ്പി നാരായണനെ കസ്റ്റഡിയിൽ വച്ച് മർദ്ദിച്ചുവെന്നും സിബിഐ കണ്ടെത്തി. മുന്‍ എസ്.പി എസ്.വിജയന്, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്.ബി.ശ്രീകുമാര്‍, കെ.കെ.ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന് ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ സത്യം പുറത്തു വന്നതിൽ സന്തോഷമുണ്ടെന്നും, ഇനി കുറ്റക്കാർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് നമ്പി നാരായണൻ പ്രതികരിച്ചു. സത്യം പുറത്തു വരുമെന്ന് അറിയാമായിരുന്നു. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. കോടതി കറ്റവിമുക്തനാക്കിയപ്പോഴെ തന്റെ ജോലി കഴിഞ്ഞെന്ന് നമ്പി നാരായണൻ പറഞ്ഞു.