പാറശ്ശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
പാറശ്ശാല : പാറശ്ശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുടെ മൃതദേഹത്തിന് പഴക്കം കൂടുതലെന്നാണ് കണ്ടെത്തൽ. ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഭർത്താവ് ഭാര്യയെ കൊന്നതിന് ശേഷം സ്വയം കെട്ടി തൂങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ‘സെല്ലൂസ് ഫാമിലി’ എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന് വെളളിയാഴ്ച രാത്രിയും ഇവരോട് സംസാരിച്ചിരുന്ന തായാണ് വിവരം. ശനിയാഴ്ച രാവിലെ ഇരുവരുടെയും ഫോണിലേക്ക് വിളിച്ചിട്ട് പ്രതികരണമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് മകൻ വീട്ടിലേക്ക് വരുന്നത്. ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് വീട്ടിലെത്തിയത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു എങ്കിലും വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമായിരുന്നു ഉണ്ടായിരുന്നത്.
വീടിനകത്തുളള മുറിയിൽ പ്രിയ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. പ്രിയ യൂട്യൂബിൽ വീഡിയോകൾ ചെയ്യുമായിരുന്നു. വെളളിയാഴ്ച രാത്രിയിലും മരണം സംബന്ധിച്ചുളള ഒരു വീഡിയോ പ്രിയ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിടപറയും നേരം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയയുടെയും സെല്‍വരാജിന്റെയും ഫോട്ടോകളും വീഡിയോയും ചേര്‍ത്തുളള പോസ്റ്റ് ആണ് പ്രിയ പങ്കുവെച്ചിരിക്കുന്നത്. പാറശ്ശാല കിണറ്റുമുക്കിലുള്ള വീട്ടിലാണ് കഴിഞ്ഞ ആറു വർഷമായി ദമ്പതികൾ താമസിക്കുന്നത്. പ്രിയ യൂട്യൂബ് വീഡിയോകൾ ചെയ്യുന്നതിനോട് ഭർത്താവ് സെൽവരാജ് വലിയ രീതിയിൽ എതിർപ്പ് കാണിച്ചിരുന്നു. ഇതിനെ ചൊല്ലി പലപ്പോഴും തർക്കമുണ്ടായിട്ടുണ്ട്. ഇരുവർക്കും ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഉള്ളതായി നാട്ടുകാർ പറയുന്നു. പ്രിയ എല്ലാ ദിവസവും രാത്രിയിൽ യൂട്യൂബില്‍ ലൈവ് ചെയ്യുമായിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപും നാല് മണിക്കൂറും ആറ് മണിക്കൂറും നീണ്ട നില്ക്കുന്ന ലൈവാണ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. ആത്മഹത്യയിലേക്ക് പിന്നിലെ കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു