കുട്ടി നന്നായി പഠിക്കുന്നുണ്ടോ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ‘സഹിതം’
തിരുവനന്തപുരം : കുട്ടിയുടെ പഠനനിലവാരമറിയാൻ സ്കൂൾ പിടിഎ മീറ്റിങ് വരെ കാത്തിരിക്കേണ്ട കാലം മാറുന്നു. ഇനി ഓരോ വിദ്യാർഥിയുടെയും സമഗ്ര പുരോഗതി രേഖ (ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്) നിങ്ങളുടെ വിരൽത്തുമ്പിലെത്തും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ‘സഹിതം’ പോർട്ടൽ വഴിയാണ് ഇതെത്തുന്നത്. 2025–-26 അധ്യായന വർഷം മുതലാണ് പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നത്. എസ്സിഇആർടി നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ഓരോ ഘട്ടത്തിലും കുട്ടി ആർജിക്കുന്ന ശേഷികൾ ഇതിൽ രേഖപ്പെടുത്തും. മാർക്ക്, അസൈൻമെന്റ്, പ്രോജക്ട്, ഹാജർ തുടങ്ങിവയെല്ലാം ഉണ്ടാകും. കലാ –- കായിക നേട്ടങ്ങളും ഉൾപ്പെടുത്തും. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ലോഗിൻ ചെയ്യാമെന്ന് എസ്സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. എല്ലാ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രം, ഓഡിയോ, വീഡിയോ, പ്രസന്റേഷൻ, വർക്ക്ഷീറ്റ് തുടങ്ങിയവയും പോർട്ടലിൽ ഉണ്ടാകും. മോക്ക് ടെസ്റ്റിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ആദ്യഘട്ടത്തിലുള്ളവ നിലവിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിലേത് സ്കൂൾ തുറക്കുന്നതോടെ തയ്യാറാക്കും. പത്താം ക്ലാസിലെ പുസ്തകങ്ങളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായി. ക്ലാസ് പരീക്ഷക്ക് ഓൺലൈൻ ചോദ്യപേപ്പർ സംവിധാനവും ഒരുക്കുന്നുണ്ട്. ഈ സോഫ്റ്റ്വെയറിനുള്ള പ്രവർത്തനം ആരംഭിച്ചു.