കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; ദുരന്തത്തില്‍ ഇതുവരെ 34 പേര് മരണമടഞ്ഞു
ചെന്നൈ : കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 34 പേര് മരണമടഞ്ഞു. 80ലധികം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യ ദുരന്തമുണ്ടാവുന്നത്. മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ കൈമാറും. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലിലെടുക്കുകയും നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യവില്‍പ്പന നടത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു.
വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രതികരിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് നിയമസഭ ചേരാനിരിക്കെ ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ മാത്രമുള്ള കള്ളാക്കുറിച്ചിയിലുണ്ടായ ദിവസം ദുരന്തം സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഷമദ്യ വില്‍പ്പന ഇല്ലാതാക്കാന്‍ ഡിഎംകെ സര്‍ക്കാരിന് ഇതുവരെയും കഴിഞ്ഞില്ലെന്ന് സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. പളനി സ്വാമി ഉടന്‍ കള്ളാക്കുറിച്ചിയിലെത്തും. ഇന്നത്തെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എക്സൈസ് വകുപ്പ് മന്ത്രി എസ് മുത്തുസാമി രാജി വെക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.