തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ
പാലക്കാട് : തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് അലൻ എസ്ഐ ശശികുമാറിനെ വാഹനം കൊണ്ട് ഇടിച്ചത്. തുടർന്ന് നിർത്താതെ പോവുകയായിരുന്നു. വാഹനപരിശോധനക്കിടെ ഇന്നലെ രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം. തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലീസ് സംഘം. പരിശോധനക്കായി പൊലീസ് തടഞ്ഞ കാർ അതിവേഗം പുറകോട്ട് എടുക്കുകയും, ശേഷം മുന്നോട്ട് നീങ്ങി എസ്ഐ ശശികുമാറിനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാർ ഓടിച്ച് പോവുകയുമായിരുന്നു. തൃത്താല എസ്എച്ച്ഒ ഉൾപ്പടെയുള്ള നാല് പേരാണ് വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. വാഹന നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനവും ഉടമ അഭിലാഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നാലു യുവാക്കളാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.