കൂറുമാറാൻ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി തോമസ് കെ തോമസ്
തിരുവനന്തപുരം : കൂറുമാറാൻ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട് സീറ്റിൽ നിന്നും മുമ്പ് മത്സരിച്ചിരുന്ന കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു ആണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ഇത് സംബന്ധിച്ച കത്ത് തോമസ് കെ തോമസ് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ വിശദീകരണം നൽകാൻ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസ്ഥാന തർക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിസ്ഥാന തർക്കം വന്നപ്പോൾ മാത്രം വന്ന ആരോപണമാണ്. 100 കോടിക്ക് ഒരു വിലയുമില്ലേ? കുട്ടനാട്ടിലെ വികസനം കണ്ട് ആൻ്റണി രാജുവിന് സമനില തെറ്റിയിരിക്കുകയാണ്. ശരദ് പവാർ പക്ഷത്തു നിൽക്കുന്ന താൻ എങ്ങനെ അജിത് പവാറിൻ്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു.
100 കോടി കൊടുക്കണമെങ്കിൽ ആദ്യം തനിക്ക് പണം തന്ന് വശത്താക്ക ണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നൽകും. അപവാദ പ്രചരണം തൻ്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് അറിയേണ്ട തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് ഒപ്പമായിരുന്നു അദ്ദേഹം സന്ദർശനത്തിന് എത്തിയത്. എന്നാൽ ജനാധിപത്യ കേരള കോൺഗ്രസ്, ആർഎസ്പി-ലെനിനിസ്റ്റ് എന്നീ പാർട്ടികളിലെ എംഎൽഎമാരെ പണം നൽകി ബിജെപി സഖ്യകക്ഷിയായ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ തോമസ് കെ തോമസ് ശ്രമിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനത്തേക്കുള്ള പ്രവേശം മുഖ്യമന്ത്രി തടയുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.