അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പിലാക്കണം ബാലാവകാശ കമ്മിഷൻ ഉത്തരവ്
തിരുവനന്തപുരം : സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ കമ്മിഷന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഈ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. കുട്ടികളുടെ അവധിക്കാല അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ നടപടികള്‍ കര്‍ശനമായി പാലിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മിഷന് ഊന്നിപ്പറഞ്ഞു.