‘നിള’ യിൽ നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നൽ; കേരളത്തിന്റെ സ്വന്തം ഉപഗ്രഹം ബഹിരാകാശത്ത് പ്രവർത്തന സജ്ജം
തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം ഉപഗ്രഹം ബഹിരാകാശത്ത് പ്രവർത്തന സജ്ജം. തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറുകിട സാറ്റലൈറ്റ് നിർമാണ കമ്പനിയായ ഹെക്സ്20 നിർമിച്ച ഉപഗ്രഹം “നിള’യാണ് ഭൂമിയിലേക്ക് ആദ്യ സിഗ്നൽ നൽകിയത്. സ്വകാര്യ കമ്പനിയുടെ പേലോഡ് വഹിക്കുന്നതും ഇന്ത്യയിൽ സ്വകാര്യമേഖലയിൽ നിർമിച്ചതുമായ ആദ്യ ഉപഗ്രഹമാണിത്. മേനംകുളം മരിയൻ എൻജിനീയറിങ് കോളേജിൽ സ്ഥാപിച്ച നിയന്ത്രണകേന്ദ്രത്തിലേക്കാണ് പേടകം സിഗ്നൽ കൈമാറിയത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ സ്വകാര്യ സംരംഭമായ സ്പെയ്സ് എക്സുമായി ചേർന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പാണ്.
സ്പേസ് എക്സിന്റെ ട്രാൻസ്പോർട്ടർ 13 ദൗത്യത്തിൽ ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്സോലോഞ്ചിന്റെ പേലോഡുമായി കഴിഞ്ഞ 15നാണ് നിളയും ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായത്. ടെക്നോപാർക്കിലെ “നിള’ കെട്ടിടത്തിലാണ് ഹെക്സ്20യുടെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷൻ, കേരള സ്പേസ് പാർക്ക് എന്നിവയുടെ സഹായവും ഹെക്സിനുണ്ട്. ലിയോഡ് ജേക്കബ് ലോപ്പസ്, അനുരാഗ് രഘു, അമൽ ചന്ദ്രൻ, അശ്വിൻ ചന്ദ്രൻ, എം ബി അരവിന്ദ് എന്നീ സുഹൃത്തുക്കൾ ചേർന്ന് 2020ലാണ് സംരംഭത്തിന് തുടക്കമിടുന്നത്. 2023ൽ പ്രവർത്തനം തുടങ്ങി.”ഇനിയൊരു ദൗത്യത്തിന് തയാറെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് പഠിക്കുകയാണ് നിളയിലൂടെ ഞങ്ങൾ ചെയ്യുന്നത്. ഉടൻ പുതിയ ദൗത്യം പ്രഖ്യാപിക്കും. ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ച് ഭാവിയിൽ ഐഎസ്ആർഒ യുമായി ചേർന്നുപ്രവർത്തിക്കാനും ശ്രമിക്കുന്നുണ്ട്’ സിഇഒ ലിയോഡ് ജേക്കബ് ലോപ്പസ് പറഞ്ഞു. സംസ്ഥാനത്തെ നിരവധി സ്റ്റാർട്ടപ്പുകളാണ് കേരള സ്പേസ് പാർക്കിന്റെ സഹായത്തോടെ ബഹിരാകാശം, പ്രതിരോധം, വ്യോമയാന മേഖലകളിൽ പ്രവർത്തിക്കുന്നത്.