സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ; വെളിച്ചെണ്ണ വില കുറയുന്നു
തിരുവനന്തപുരം : പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയർന്നപ്പോ ൾ സാധാരണക്കാർക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. വില നിയന്ത്രിക്കാ നുള്ള സർക്കാർ നടപടികൾ ഫലം കണ്ടുതുടങ്ങി. ചില സ്വകാര്യ സ്ഥാപനങ്ങൾ ഇതിനോടകം വെളിച്ചെണ്ണയുടെ വില കുറച്ച് വിൽക്കാൻ ആരംഭിച്ചു. സഹകരണ മേഖലയിലെ ഉൽപ്പാദകരുമായും സർക്കാർ ചർച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായി ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്ക് വിൽക്കാൻ തീരുമാനമായി. സഹകരണ മേഖലയിലെ ഉൽപ്പാദകർക്ക് 15 ദിവസത്തിനകം പണം നൽകാമെന്ന് മന്ത്രി ജി.ആർ. അനിൽ ഉറപ്പ് നൽകിയതോടെ, അവർ സപ്ലൈകോയ്ക്ക് വെളിച്ചെണ്ണ എത്തിക്കും.
കേരഫെഡുമായും ചർച്ച നടത്തിയതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. വില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരഫെഡിനും നിർദേശം നൽകിയിട്ടുണ്ട്. ഇത് പൊതുവിപണിയിൽ വെളിച്ചെണ്ണ വില വർധിക്കുന്നത് തടയാനും നിലവിലെ വില കുറയ്ക്കാനും സഹായിക്കും. ഓണക്കാലത്ത് ശബരി ബ്രാൻഡിലുള്ള സബ്സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപയ്ക്കും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയ്ക്കും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. സബ്സിഡി ഇല്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 429 രൂപയ്ക്കും അര ലിറ്ററിന് 219 രൂപയ്ക്കും ലഭിക്കും. ഓഗസ്റ്റ് 15 മുതൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വെളിച്ചെണ്ണ ലഭ്യമാക്കും. കൂടാതെ, മറ്റ് ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.