ജോയിക്കായി തിരച്ചിൽ മൂന്നാം ദിവസം; രക്ഷാപ്രവർത്തനത്തിനായി നാവിക സേന പരിശോധനകൾ ആരംഭിച്ചു
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്തുന്നതിനായി നാവിക സേന പരിശോധനകൾ ആരംഭിച്ചു. കടലിന് അടിയിലുളള വസ്തുക്കൾ കണ്ടെത്താൻ നാവിക സേന ഉപയോഗിക്കുന്ന സോണാർ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. ഇത് ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനാകുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് നാവിക സേനയുടെ ഏഴംഗസംഘം സ്ഥലത്ത് എത്തിയത്. രാത്രി തന്നെ സംഘം പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. ഡിആർഎം ഉൾപ്പെടയുളളവരുമായി ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. നാവിക സേനാംഗങ്ങൾക്കൊപ്പം, ഫയർഫോഴ്സ്, സ്കൂബ ഡൈവേഴ്സ്, എൻഡിആർഎഫ് അംഗങ്ങളും തിരച്ചിലിൽ സജീവമായി ഉണ്ടാകും. തലസ്ഥാനത്ത് രാവിലെ മുതൽ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാണ്. പരിശോധന സ്വതന്ത്ര്യമായി നടത്താനാണ് നാവിക സേനയുടെ തീരുമാനം. മാദ്ധ്യമപ്രവർത്തകരെയോ മറ്റ് ഉദ്യോഗസ്ഥരെയോ തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് വിടരുതെന്ന് നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കളക്ടർ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിലാണ് തീരുമാനം. റെയിൽവേ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ദൗത്യം ലക്ഷ്യം കണ്ടിരിന്നില്ല. വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല. തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്.