അസമിൽ പ്രളയക്കെടുതി തുടരുന്നു; 17 ജില്ലകളിലായി 6 ലക്ഷത്തോളം ആളുകൾ പ്രളയ ദുരിതത്തിലാണ്
അസമിൽ പ്രളയക്കെടുതി തുടരുന്നു. വെള്ളപ്പൊക്കത്തിലും, ഉരുൾപൊട്ടലിലും ഇടിമിന്നലിലുമായി മരിച്ചവരുടെ എണ്ണം 109 ആയി. 17 ജില്ലകളിലായി 6 ലക്ഷത്തോളം ആളുകൾ പ്രളയ ദുരിതത്തിലാണ്. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. ചില മേഖലകളില്‍ വെള്ളമിറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ബിഹാറിലും, ഉത്തർപ്രദേശിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. ബാഗ്മതി നദി കര കവിഞ്ഞൊഴുകിയതോടെ മുസഫര്‍പുരില്‍ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഉത്തര്‍പ്രദേശില്‍ 9 പേർക്ക് കൂടി ജീവന് നഷ്ടമായി. 1300 ഓളം ഗ്രാമങ്ങള്‍ പ്രളയത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഉത്തരാഖണ്ഡ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ഇടവിട്ടുള്ള മഴ തുടരുകയാണ്.