ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു
കൊച്ചി : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വിവരാവകാശ അപേക്ഷ നൽകിയവർ ഉൾപ്പെടെ എല്ലാ എതിർകക്ഷികളുടെയും ഭാഗം കൂടി കേൾക്കാനും കോടതി തീരുമാനിച്ചു. അടുത്ത മാസം ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്മേലുള്ള എല്ലാ തുടർനടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ പ്രാഥമികവാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ ഒരാഴ്ചത്തേക്ക് തുടർനടപടികൾ തടഞ്ഞു. ഹർജിയിൽ പിന്നീട് വിശദമായ വാദം കേൾക്കും. എല്ലാ എതിർകക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു. വിവരാവകാശ അപേക്ഷ സമർപ്പിച്ചവർ ഉൾപ്പെടെ എല്ലാ എതിർകക്ഷികക്ഷികളുടെയും ഭാഗം കേൾക്കാനും കോടതി തീരുമാനിച്ചു. എതിർകക്ഷികൾ ഒരാഴ്ചക്കകം മറുപടി നൽകണം.
ഹർജിയെ വിവരാവകാശ കമ്മീഷൻ എതിർത്തു. ഹർജിക്കാരൻ കക്ഷി അല്ലെന്നും കമ്മീഷൻ മുമ്പാകെ ഒരു ഘട്ടത്തിലും ഹാജരായിട്ടില്ലെന്നും കമ്മീഷൻ വാദിച്ചു. ഹർജിക്കാരൻ മറ്റാർക്കോ വേണ്ടി സംസാരിക്കുകയാണെന്നും ഹർജി തള്ളണം എന്നുമായിരുന്നു കമ്മീഷന്റെ വാദം. സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിടുകയെന്നും കമ്മീഷൻ വാദത്തിനിടെ വ്യക്തമാക്കി. എന്നാൽ തന്റെ സ്വകാര്യതയെ ബാധിക്കും എന്നതിനാൽ റിപ്പോർട്ട് പുറത്തുവിടരുത് എന്നായിരുന്നു ഹർജിക്കാരന്റെ വാദം. കമ്മീഷണർ റിപ്പോർട്ട് പുറത്തുവിടുന്നതിൽ പൊതുതാൽപര്യമില്ലെന്നും റിപ്പോർട്ടിൽ പേരുള്ളവരുടെ ഭാഗം കേൾക്കാതെയാണ് കമ്മീഷൻ ഉത്തരമെന്നും ഹർജിക്കാരൻ വാദിച്ചു. ഇരുകക്ഷികളുടെയും വാദങ്ങൾ പ്രാഥമികമായി കേട്ട കോടതി തുടർ നടപടികൾ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് കൈമാറാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ.