കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു
കൊച്ചി : കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് പുറത്ത് വരുന്ന ദൃശ്യങ്ങൾ. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്. വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു.
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപന ഉടമയായ ഉബൈദ്. ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ച് അവർ ശിക്ഷകൾ തരുന്നതാണ് പതിവ്. ദിവസം ഒരു കച്ചവടവും കിട്ടാത്തവരാണെങ്കിൽ അവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ജോലിചെയ്യുന്നത്. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെ ന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും മാറ്റം ഉണ്ടായില്ലെന്ന് മുൻ ജീവനക്കാരൻ പറയുന്നു.