ചില ഗവർണർമാരുടെ നടപടികൾ ചെയ്യാൻ പാടില്ലാത്തതാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.വി. നാഗരത്ന
ന്യൂഡൽഹി : ചില ഗവർണർമാരുടെ നടപടികൾ ചെയ്യാൻ പാടില്ലാത്തതാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി.വി. നാഗരത്ന. ഭരണഘടന അനുശാസിക്കുംവിധമല്ല അവർ പ്രവർത്തിക്കുന്നതെന്ന് ബെംഗളൂരുവിലെ ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി വേണം ഗവർണർമാർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനാ നിർമാണസഭയിൽ ജി. ദുർഗാഭായ് നടത്തിയ പരാമർശവും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഗൗരവമുള്ള ഭരണഘടനാപദവിയാണ് ഗവർണറുടേത്. അതുകൊണ്ട് ഭരണഘടന അനുശാസിക്കുംവിധം പ്രവർത്തിക്കാൻ അവർക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഗവർണർമാരുടെ നടപടികൾക്കെതിരേ കേരളമുൾപ്പെടെ വിവിധ സംസ്ഥാനസർക്കാരുകൾ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പരാമർശങ്ങൾ. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ ഒപ്പിടാതിരിക്കുകയും തീരുമാനം നീട്ടിക്കൊണ്ടുപോവുകയും രാഷ്ട്രപതിക്കയക്കുകയും ചെയ്യുന്നതെല്ലാം വിഷയമാവാറുണ്ട്. കേരളത്തിനുപുറമേ തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.