രണ്ട് വയസ്സുകാരിയുടെ കൊലപാതകം; അമ്മ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു
തിരുവനന്തപുരം : ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പിനാണ് കേസെടുത്തത്. ദേവസ്വം ബോർഡിലടക്കം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് ശ്രീതു ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കൂടുതൽ ആളുകൾക്കും ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. ജോലിക്കായി വ്യാജ ഉത്തരവ് കാണിച്ച് വിശ്വസിപ്പിച്ച് എന്നും പൊലീസ് വ്യക്തമാക്കി. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ശ്രീതുവിനെ ചോദ്യം ചെയ്യുന്നതിനായി മഹിളാ മന്ദിരത്തിൽ നിന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍വെച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. ഇന്നലെ രാത്രി ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും ചോദ്യം ചെയ്യല്‍ നടന്നിരുന്നു.