പ്രത്യാക്രമണം നടത്തിയാൽ തിരിച്ചടിക്കും; ഡൽഹിയിൽ പ്രതിരോധിക്കുന്നതിനുള്ള നിർണായക നീക്കങ്ങൾ
ന്യൂഡൽഹി : പാകിസ്താനെ അമ്പരപ്പിച്ച ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ച് അതിനെ പ്രതിരോധിക്കുന്നതിനുള്ള നിർണായക നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിയത്. പാകിസ്താന്റെ മനോവീര്യം തകർത്ത ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താൻ അവർ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ വിളിച്ച് ഇന്ത്യ കാര്യങ്ങൾ ധരിപ്പിച്ചു. അന്തർദേശീയ തലത്തിൽ ആക്രമണത്തിനെതിരെ പാകിസ്താന് അനുകൂലമായ ശബ്ദമുയരുന്നത് തടയാൻ ഇതുവഴി ഇന്ത്യക്ക് കഴിഞ്ഞു. ഏതായാലും പാകിസ്താൻ പ്രത്യാക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ബുധനാഴ്ച വിദേശ നയതന്ത്ര പ്രതിനിധികളെ വിളിച്ചറിയിച്ചിരിക്കുകയാണ് ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിർത്തി സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് മുൻകരുതലുകൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മോക് ഡ്രിൽ നടത്തിയതും ഇതിന്റെ ഭാഗമാണ്. പാകിസ്താനെതിരായ ആക്രമണത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ സൈനികരുടെ റെയിൽവേ വഴിയുള്ള നീക്കങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസികൾ ചോർത്തുമെന്ന് റെയിൽ മന്ത്രാലയം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആധികാരികമല്ലാത്ത ഒരാളോടും ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈമാറരുതെന്ന നിർദേശവും മന്ത്രാലയം നൽകിയിട്ടുണ്ട്.