എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തിയായത് 33,493 വീട്
കോഴിക്കോട് : എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ ജില്ലയിൽ പൂർത്തിയായത് 33,493 വീട്. 6080 വീടിന്റെ നിർമാണം പുരോഗതിയിലാണ്. 39,573 ഗുണഭോക്താ ക്കളാണ് തദ്ദേശസ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായാണ് ലൈഫ് ഭവനപദ്ധതി നിർമാണം നടപ്പാക്കിവരുന്നത്. ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കാത്ത വീടുകളുടെ പൂർത്തീകരണമാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യഘട്ടത്തിൽ 6641 ഗുണഭോക്താക്കളെ കണ്ടെത്തി. ഇതിൽ 6484 വീട് പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 5219 ഗുണഭോക്താക്കളിൽ 5147 പേരുടെ വീടുകൾ പൂർത്തിയായി. എസ് സി, എസ് ടി, ഫിഷറീസ് വിവിധ വകുപ്പുകളിലൂടെ 2192 വീട് പൂർത്തിയാക്കി. മൂന്നാംഘട്ടത്തിലെ ഭൂരഹിത–-ഭവനരഹിത ഗുണഭോക്താക്ക ളിൽ ഉൾപ്പെട്ട 927 ആളുകൾക്ക് ഭൂമി ലഭ്യമാക്കുകയും 682 പേരുടെ വീട് നിർമാണം പൂർത്തിയാക്കുകയുംചെയ്തു. ലൈഫിൽ ഉൾപ്പെടാത്ത എസ് സി, എസ്ടി, ഫിഷറീസ് ഗുണഭോക്താക്കളെ കണ്ടെത്തി അഡീഷണൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള 2662 ഗുണഭോക്താക്കളിൽ 2087 പേരുടെ വീട് പൂർത്തിയാക്കി. മൂന്ന് ഘട്ടങ്ങളിലും ഉൾപ്പെടാത്ത ഭൂരഹിത–-ഭവനരഹിത ഗുണഭോക്താക്കളെയും ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും ഉൾപ്പെടുത്തുന്നതിന് ലൈഫ് 2020 അപേക്ഷ പ്രകാരം അർഹതാ ലിസ്റ്റ് 2022ൽ നിലവിൽവന്നു. ഇതുപ്രകാരം 8520 ഗുണഭോക്താക്കളെ കരാർവച്ചതിൽ 5911 പേരുടെ വീട് നിർമാണം പൂർത്തിയായി. ഇതിൽ 2609 ഗുണഭോക്താക്കളുടെ വീട് നിർമാണം പുരോഗതിയിലാണ്. അതിദരിദ്ര വിഭാഗത്തിലെ 673 ഗുണഭോക്താക്കൾ കരാർവച്ചതിൽ 499 പേർക്ക് പ്രത്യേക പരിഗണന നൽകി വാസയോഗ്യമായ ഭവനം ലഭ്യമാക്കി. പിഎംഎവൈ റൂറൽ പദ്ധതിയിൽ 2857 വീടുകൾക്ക് കരാർവച്ചതിൽ 2343 വീട് പൂർത്തിയാക്കി. നഗരപ്രദേശങ്ങളിൽ നടപ്പാക്കുന്ന പിഎംഎവൈ ലൈഫ് പദ്ധതിയിലുൾ പ്പെടുത്തി 8703 ഗുണഭോക്താക്കളിൽ 9888 പേർ കരാറിലേർപ്പെടുകയും 8148 വീടിന്റെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു.