ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കണ്ണൂർ കളക്ടർ
പത്തനംതിട്ട : ആത്മഹത്യ ചെയ്ത എ ഡി എം നവീൻ ബാബുവിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് കത്തയച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. നവീൻ ബാബുവിന്റെ വീട്ടിലെത്തി പത്തനംതിട്ട സബ് കളക്ടർ കത്ത് കുടുംബത്തിന് കൈമാറി. ചടങ്ങിന് ശേഷം നവീൻ ബാബുവിനെ ചേമ്പറിൽ വിളിച്ച് സംസാരിച്ചെന്ന് കളക്ടർ അരുൺ കെ വിജയൻ അയച്ച കത്തിൽ പറയുന്നു.
പി.പി ദിവ്യയുടെ അവഹേളനത്തിന് ശേഷം തന്റെ ചേംബറിലേക്ക് നവീൻ ബാബുവിനെ അരുൺ വിജയൻ വിളിച്ച് സംസാരിച്ചിരുന്നതായി കത്തിൽ പരമാർശമുണ്ട്. നവീനെ അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോൾ കളക്ടർ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം കണ്ണൂർ കളക്ടറുടെ സമീപനത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മാപ്പപേക്ഷ. അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയനെതിരെ ബിജെപി രംഗത്തെത്തി. സംഭവത്തിൽ കളക്ടറാണ് ഒന്നാം പ്രതിയെന്നും രണ്ടാം പ്രതി മാത്രമാണ് ദിവ്യയെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആരോപിച്ചു. ദിവ്യയ്ക്ക് അരുണിന്റെ എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. ദിവ്യ നടത്തിയ വാർത്താസമ്മേളനത്തിലെ കളക്ടറുടെ ശരീരഭാഷയിൽ നിന്ന് തന്നെ അത് വ്യക്തമാണെന്നും ഹരിദാസ് പറഞ്ഞു. കളക്ടറെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.