വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡൽഹി : വിവാദങ്ങൾക്കൊടുവിൽ വഖഫ് നിയമ ഭേദഗതി ബിൽ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ശേഷം ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കും. എന്നാൽ 12 മണിക്കൂർ ചർച്ചചെയ്യണമെന്നും ഒപ്പം തന്നെ മണിപ്പൂർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സഭയ്ക്കുള്ളിൽ ചർച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ട് വെച്ചെങ്കിലും തള്ളുകയായിരുന്നു. പിന്നാലെ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. ബിജെപി എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രകോപനപരമായ ഒരു മറുപടിയും ഉണ്ടാകരുതെന്നും ഭരണപക്ഷം ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായുള്ള തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എൻഡിഎ ചീഫ് വിപ്പുമാരുമായി കൂടിക്കാഴ്ച നടത്തി.വഖഫ് ബില്ലിൽ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും എതിർപ്പുകൾ അറിയിച്ചു.