സദാചാര കൊലപാതകം നടന്ന മുക്കം കൊടിയത്തൂർ മേഖലയിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം
മുക്കം : സദാചാര കൊലപാതകം നടന്ന കൊടിയത്തൂർ മേഖലയിൽ വീണ്ടും സദാചാര ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂർ സ്വദേശി ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ചയാണ് ആബിദിനെ ചുള്ളിക്കാപറമ്പിലെ അക്ഷയ സെന്ററിൽ നിന്നും ബലമായി പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുണ്ട്.
അക്ഷയ സെന്ററിലെ ജീവനക്കാരിയുടെ ഭർത്താവും മറ്റുള്ളവർക്കുമെതിരെ സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോവൽ ഉൾപ്പെടെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടന്നും ഉടൻ പിടിയിലാകുമെന്നും മുക്കം പൊലീസ് അറിയിച്ചു. അക്ഷയ സെന്ററിൽ നടന്ന ആക്രമണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗം പ്രതിഷേധിച്ചു.