അഞ്ച് ലക്ഷം വരെയുള്ള ചികിത്സ സൗജന്യം; എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്ക്ക് ഇതിന്റെ ഗുണം ലഭ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയ്ക്ക് കിഴിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത ദിവസം മുതല്‍ പദ്ധതി കീഴില്‍ വരും. ഇതോടെ, 70 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും അവരുടെ സാമൂഹിക സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി പ്രത്യേകം കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.