ഈ വർഷത്തെ ഓണക്കാലം കളറാക്കാൻ തിയേറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങളാണ്
ഈ വർഷത്തെ ഓണക്കാലം കളറാക്കാൻ തിയേറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങളാണ്. ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് മലയാളത്തിൽ ഓണത്തിന് റിലീസിനെത്തുന്ന ചിത്രങ്ങൾ. തമിഴിൽ വിജയുടെ ഗോട്ട് ഇറങ്ങിക്കഴിഞ്ഞു. കേരളത്തിലും ഗോട്ടിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇക്കൊല്ലത്തെ മലയാളം സിനിമകളിൽ ഒന്നാണ് അജയന്റെ രണ്ടാം മോഷണം (ARM). ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം നവാഗതൻ ജിതിൻ ലാൽ സംവിധായകൻ ചെയ്തിരിക്കുന്നത്. ത്രീഡി യിലും 2 ഡിയിലുമായി ARM ഇന്ന് പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. ഓണത്തോട് അനുബന്ധിച്ച് ഇന്ന് മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായിക വേഷത്തിലെത്തുന്നത്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്വിൽ എൻറർറ്റൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിക്കുന്നത്. ജഗദീഷ് , വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റണി വർഗീസ് നയകനായെത്തുന്ന കൊണ്ടൽ ആണ് ഓണം റിലീസിനെത്തുന്ന മറ്റൊരു ചിത്രം. കന്നഡ താരം രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന വേക്ഷത്തിലെത്തുന്നുണ്ട്. സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. നാളെയാണ് ചിത്രം റിലീസിങ്ങിനെത്തുന്നത്.