സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയനാണ് ദീപശിഖ തെളിയിച്ചത്. മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ട്രാക്കിലും ഫീല്‍ഡിലും തീപിടിപ്പിക്കുന്ന പോരാട്ടങ്ങളുടെ ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. 14 ജില്ലകള്‍ക്ക് പുറമെ മറുനാടന്‍ മലയാളികളുടെ കരുത്തു അറിയിക്കാന്‍ യുഎഇ ടീമും ഇത്തവണയുമുണ്ട്. ഇന്ന് മുതല്‍ 28ാം തിയതി വരെയാണ് കായിക മത്സരങ്ങള്‍ നടക്കുക. മേളയില്‍ ഇന്‍ക്ലൂസീവ് സ്പോര്‍ട്സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തിലുണ്ട്.