അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലീം സര്‍വ്വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. മുസ്ലീം സംവരണം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധിയും ഏഴംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി. ന്യൂനപക്ഷ പദവിക്കെതിരെ നിലപാട് സ്വീകരിച്ച മോദി സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചില്‍ നിന്നുണ്ടായത്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ് 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഏഴംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയത്. ഭരണഘടനയുടെ 30 പ്രകാരം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകര്‍ ആരാണെന്നത് അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ന്യൂനപക്ഷ പദവി നഷ്ടമാകില്ലെന്നും ചീഫ് ജസ്റ്റിസ് ചി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി.