വലിയ പ്രതിസന്ധികള്‍ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്; യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു
പാലക്കാട് : യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എ കെ ഷാനിബ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിക്കക ത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചു. അതിവൈകാരിക മായിട്ടാണ് ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന് സരിന് പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു. സന്തോഷകരമായ ദിവസമല്ല തന്നെ സംബന്ധിച്ച്. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15 ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ആയതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചു.