ഉസ്താദ് സാക്കിര്‍ ഹുസൈന് ഗുരുതരാവസ്ഥയില്‍; മരണവാര്‍ത്ത നിഷേധിച്ച് കുടുംബം
വിഖ്യാത തബല മാന്ത്രികന് ഉസ്താദ് സാക്കിര്‍ ഹുസൈന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ് കോയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. സാക്കിറിന്റെ മരണവാര്‍ത്ത കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും പിന്നീട് ബന്ധുക്കള്‍ നിഷേധിച്ചതോടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റടക്കം ഒഴിവാക്കുകയായിരുന്നു. സാക്കിര്‍ അതീവ ഗുരുതരാവസ്ഥയി ലാണെന്ന് സഹോദരി കുര്‍ഷിദ് പ്രതികരിച്ചു. വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ളവര്‍ സമൂഹമാധ്യമമായ എക്സില്‍ സാക്കിറിന്റെ മരണവാര്‍ത്തയില്‍ പോസ്റ്റ് ഇട്ടിരുന്നു. രണ്ടാഴ്ചയായി രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് സാക്കിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തബലയിലെ വിശ്വവിസ്മയം, അന്തരിച്ച അല്ലാ രഖയുടെ മകനാണ് സാക്കിര്‍ ഹുസൈന്.
കഴിഞ്ഞ ഗ്രാമി പുരസ്കാര വേദിയിലും സാക്കിര്‍ ഹുസൈന് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.