മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി
ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കി. ഡൽഹി റൗസ്അവന്യു കോടതിയുടെ താണ് വിധി. മദ്യനയ അഴിമതിയിൽ സിബിഐ എടുത്ത കേസിലാണ് നടപടി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിത ഉൾപ്പെടെ കേസിൽ പ്രതികളായ 23 പേരെയും കുറ്റവിമുക്തരാക്കി. കേസിൽ കെജ്രിവാൾ 156 ദിവസമാണ് ജയിലിൽ കിടന്നത്. മനീഷ് സിസോദിയ 530 ദിവസത്തിലധികവും ജയിലിൽ കഴിഞ്ഞു. തെളിവുകൾ ഇല്ലാതെ ഇവരെ പ്രതി ചേര്ത്തതിന് സിബിഐക്കെതിരെ കോടതി കടുത്ത വിമർശം ഉന്നയിച്ചു. ആയിരക്കണക്കിന് പേജുകളുള്ള കുറ്റപത്രത്തിൽ സാക്ഷികളോ പ്രസ്താവനകളോ പിന്തുണയ്ക്കാത്ത നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി. സത്യം ജയിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസാണിതെന്നും കെജ്രിവാൾ പറഞ്ഞു.
കെജ്രിവാൾ സർക്കാരിനെതിരെ ബിജെപി ഉയർത്തിയ ഏറ്റവും വലിയ ആരോപണമായിരുന്നു ഡൽഹി മദ്യനയ അഴിമതി. 2021-22ലെ ഡൽഹി മദ്യനയ രൂപീകരണത്തിൽ അഴിമതി നടന്നുവെന്നാരോപിച്ച് 2022 ആഗസ്തിലാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മദ്യലോബികളെ സഹായിക്കാനായി നയത്തിൽ മാറ്റം വരുത്തിയെന്നും ഇതിലൂടെ നൂറു കോടി രൂപയുടെ കൈക്കൂലി ലഭിച്ചെന്നുമായിരു ന്നു ആരോപണം. മദ്യനയ അഴിമതിയു മായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ 2024 മാർച്ച് 21നായിരുന്നു കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. 2025 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിക്കെതിരെ കേസ് ബിജെപി വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു. മദ്യനയത്തിന്റെ പേരിൽ കെജ്രിവാളിനെ കേസിൽ കുടുക്കാൻ ബിജെപിയെ സഹായിച്ചത് കോൺഗ്രസായിരുന്നു. മദ്യനയത്തിൽ അഴിമതി ആരോപിച്ച് 2022 ജൂൺ മൂന്നിന് അന്നത്തെ പിസിസി പ്രസിഡന്റ് അനിൽ ചൗധരിയാണ് ഡൽഹി പൊലീസിന് പരാതി നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എഎപിയിൽനിന്ന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ രാഷ്ട്രീയപ്പക തീർക്കാൻ കോൺഗ്രസ് മദ്യനയക്കേസ് ഉപയോഗിക്കുകയായിരുന്നു.