സംസ്ഥാന റവന്യൂ പുരസ്കാരങ്ങളിൽ തിളങ്ങി തളിപ്പറമ്പ്; ജില്ലയിലെ മികച്ച വില്ലേജ് ഓഫിസ് കുറുമാത്തൂർ
തളിപ്പറമ്പ : സംസ്ഥാന റവന്യൂ പുരസ്കാരങ്ങളിൽ തിളങ്ങി തളിപ്പറമ്പ്. റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അവാർഡുകളിൽ ഇരട്ടി മധുരവുമായാണ് തളിപ്പറമ്പ് താലൂക്ക് അഭിമാനമുയർത്തുന്നത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദും, മികച്ച വില്ലേജ് ഓഫീസായി കുറുമാത്തൂർ വില്ലേജ് ഓഫീസും തിരഞ്ഞെടുക്കപ്പെട്ടു. ജനസൗഹൃദ സേവനങ്ങളും വേഗത്തിലു ള്ള നടപടികളുമാണ് തളിപ്പറമ്പിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.
സേവനത്തിന്റെ വേഗവും ജനങ്ങളോടുള്ള പ്രതിബദ്ധതയും അളവുകോലായപ്പോൾ സംസ്ഥാന റവന്യൂ അവാർഡുകളിൽ തളിപ്പറമ്പിന് സുവർണ്ണ നേട്ടം. പരിയാരം വില്ലേജ് ഓഫീസർ പി.വി. വിനോദിനെ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസർമാരിൽ ഒരാളായി തിരഞ്ഞെടു ത്തപ്പോൾ, മികച്ച വില്ലേജ് ഓഫീസായി കുറുമാത്തൂർ വില്ലേജ് ഓഫീസും തെരഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബറിൽ പരിയാരത്ത് ചുമതലയേറ്റ പി.വി. വിനോദ്, ചുരുങ്ങിയ കാലം കൊണ്ടാണ് വില്ലേജ് ഓഫീസിനെ ജനകീയമാക്കിയത്. 35 വർഷമായി ഭൂമിയുടെ പട്ടയത്തിന് വേണ്ടി കാത്തിരുന്ന അവുങ്ങും പൊയിലിലെ 13 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള ലാൻഡ് ബോർഡ് തീരുമാനം നടപ്പിലാക്കാൻ മുൻകൈ എടുത്തതും, നരിമടയിലെ 13 കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും വിനോദിന്റെ മികച്ച ഇടപെടലുകളാണ്.