കൂത്തുപറമ്പ് സമര നായകന്റെ സംസ്കാരം കണ്ണൂര്‍ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പില്‍ നടന്നു
കണ്ണൂർ : ഇടതു സമരഭൂമികയില്‍ ആവേശം വിതറിയ രക്തതാരകം പുഷ്പന് ഇനി ഓര്മ. കൂത്തുപറമ്പ് സമര നായകന്റെ സംസ്കാരം കണ്ണൂര്‍ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പില്‍ നടന്നു. കോഴിക്കോട് ഡിവൈഎഫ്ഐ യൂത്ത് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടു വരികയായിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ നിരവധിപേര്‍ അന്ത്യാഭിവാദ്യമര്‍പ്പിച്ചു. എലത്തൂര്‍, പൂക്കാട്, കൊയിലാണ്ടി, നന്തി , പയ്യോളി, വടകര , നാദാപുരം റോഡ്, മാഹി, പുന്നോല്‍ എന്നിവിടങ്ങളില്‍ റോഡിന്റെ ഇരുവശത്തും നിരവധി പേരാണ് പ്രിയ സഖാവിനെ അവസാനമായി കാണാന്‍ തിങ്ങിക്കൂടിയത്. തലശ്ശേരിയിലെയും കൂത്തുപറമ്പിലെയും പൊതുദര്‍ശനത്തിനുശേഷം ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൊതുദര്‍ശനത്തിലും ജനപ്രവാഹമായിരുന്നു. പിന്നീട് പുഷ്പന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നു. അവിടെയും പൊതുദര്‍ശനമുണ്ടായിരുന്നു. അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും ആയിരങ്ങളാണ് ഒഴുകിയെത്തിയത്.