ആനയ്ക്ക് മുന്നിൽ പിഞ്ചുകുഞ്ഞുമായി സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്
ഹരിപ്പാട് : ആനയ്ക്ക് മുന്നിൽ പിഞ്ചുകുഞ്ഞുമായി സാഹസം നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്. കുഞ്ഞിന്റെ അച്ഛൻ അഭിലാഷിനെതിരെയാണ് ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുത്തത്. ആറുമാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍നിന്ന് ആനയുടെ കാല്‍ചുവട്ടി ലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയ ആനയുടെ സമീപത്തേക്കാണ് ആറുമാസം പ്രായമായ കുഞ്ഞിനെ കൊണ്ടുപോയത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുഞ്ഞിനെ ചോറൂണിനാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ആനയുടെ തുമ്പിക്കൈയുടെയും കാലുകള്ക്കുമിടയി ലൂടെ കുഞ്ഞുമായി പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിച്ചപ്പോൾ പാപ്പാന്റെ കൈയില്‍നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീഴുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെ താൽക്കാലിക പാപ്പാന്റെ ചുമതലയിൽനിന്ന് അഭിലാഷിനെ മാറ്റി. ആനക്കടിയിലൂടെ കുട്ടിയുമായി നടന്നത് പേടി മാറാനെന്നാണ് ഇയാൾ ക്ഷേത്രഭാരവാഹികളോട് പറഞ്ഞത്.