കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടിയാടി പാര്‍ത്ഥിപ് എന്ന 19 കാരന്
നീലേശ്വരം : കോട്ടപ്പുറം വൈകുണ്ഡം ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി തെയ്യം കെട്ടിയാടി പാര്‍ത്ഥിപ് എന്ന 19 കാരന്. പാലായി കൃഷ്ണന് പരപ്പേന് തറവാട് അംഗമായ പാര്‍ത്ഥിപ് ചെറുപ്രായത്തില്‍ ആടിവേടന്‍ കെട്ടിയിരുന്നു. ഈ തറവാട്ടിലുള്ളവര് കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി കെട്ടിയ ശേഷം മാത്രമേ മറ്റേത് തെയ്യവും കെട്ടാന്‍ പാടുള്ളൂവെന്നാണ് ആചാരം. പരപ്പേന് തറവാട്ടില്‍ ആചാരപ്പെട്ടവരാണ് വിഷ്ണുമൂര്‍ത്തി കെട്ടിയാടുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടതുകാലിനേറ്റ പരിക്കിനെ തുടര്‍ന്ന് സ്റ്റീല്‍ ഇട്ടാണ് നടക്കുന്നതെങ്കിലും തെയ്യം അരങ്ങിലെത്തിയപ്പോള്‍ പാര്‍ത്ഥിപിന് അതു തടസമായില്ല. മുത്തച്ഛന് കൃഷ്ണന് പരപ്പേന്, അച്ഛന് അനില്‍ പണിക്കര്‍ എന്നിവരാണ് ഗുരുക്കള്‍. പഠനത്തോടൊപ്പം തെയ്യംകലാരംഗത്തും സജീവമാകാനാണ് പാര്‍ത്ഥിപിന്റെ തീരുമാനം. മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ റീനല്‍ ഡയാലിസിസ് ടെക്നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് പാര്‍ത്ഥിപ്. അമ്മ രേഷ്മ. സഹോദരി: പ്രാര്‍ഥന.